കാട്ടാന ആക്രമണത്തിൽ തന്നെ ആണ് സീതയുടെ മരണം എന്ന് പൊലീസ് റിപ്പോർട്ടു നൽകിയിട്ട് 2 മാസം.

വനം വകുപ്പ് നൽകേണ്ട നഷ്ടപരിഹാരം 10 ലക്ഷം

പീരുമേട്ടിൽ വനത്തിനുള്ളിൽ വച്ച് ആദിവാസി സ്ത്രീ സീത (42) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു 4 മാസം കഴിഞ്ഞിട്ടും ഒരു രൂപ ധനസഹായം പോലും കുടുംബത്തിന് നൽകാൻ തയ്യാറാകാതെ സർക്കാർ.
ജൂൺ 13 നാണ് പീരുമേട് തോട്ടാപ്പുരക്ക് സമീപം താമസിച്ചിരുന്നു ബിനുവിൻ്റെ ഭാര്യ സീത വനത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മരണം സംബന്ധിച്ചുപോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഫോറൻസിക് സർജൻ ജില്ല സംശയങ്ങൾ ഉയർത്തിയത് വിവാദങ്ങൾക്ക് ഇട നൽകിയെങ്കിലും പിന്നിട് പൊലീസ് അന്വേഷണത്തിൽ മരണം കാട്ടാന ആക്രമണം തന്നെയെന്ന് കണ്ടെത്തി.
ഈ റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിട്ട് 2 മാസം പിന്നിട്ടു. വന്യമൃഗ ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ കുടുംബത്തിന്
10 ലക്ഷം രൂപ നഷ്ടപരിഹാരം ആണ് നൽകേണ്ടത്.
ഇവിടെ മലബണ്ഡാര വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് പണം നൽകാൻ വനം വകുപ്പ് ഇനിയും തയാറായിട്ടില്ല.
മരണം സംഭവിച്ച ദിവസം രാത്രി തന്നെ 5 ലക്ഷം നൽകാമെന്നായിരുന്നു വനം വകുപ്പ് പ്രഖ്യാപനം.
എന്നാൽ സീതയുടെ ശരീരത്തിലെ പരുക്കുകളിൽ ഫോറൻസിക്ക് സർജൻ ചില സംശയങ്ങൾ പ്രകടിപ്പിച്ചതോടെ വനം വകുപ്പ് തുക നൽകുന്നതിൽ നിന്നു പിൻവാങ്ങുകയായിരുന്നു.


ദുരന്ത നിവാരണ അതോറിറ്റിയുടെ ധനസഹായമായ 2 ലക്ഷം രൂപയ്ക്കും സീതയുടെ അവകാശികൾ അർഹരാണെങ്കിലും പട്ടികവർഗ്ഗ വികസന വകുപ്പു പോലും ബിനുവിനും കുടുംബത്തിനും സഹായകരമായ നിലപാട് സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം.