ഇടുക്കി : ഡിസിസി ജനറൽ സെക്രട്ടറിയും, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. സിറിയക്ക് തോമസ് ഉപ്പുതറ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നു യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കാൻ സാധ്യത തെളിഞ്ഞു.
2015 -ൽ ഉപ്പുതറ ഡിവിഷനിൽ നിന്നു സിറിയക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2300 ലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു വിജയം.
കഴിഞ്ഞ തവണ വനിതാ സംവരണ മണ്ഡലമായി മാറിയ ഡിവിഷൻ എൽഡിഎഫ് തിരിച്ചു പിടിച്ചു.
ഈ സാഹചര്യത്തിൽ നഷ്ടപ്പെട്ട സീറ്റു വീണ്ടെടുക്കാൻ ഇത്തവണ സിറിയക്കിനെ വീണ്ടും രംഗത്തിറക്കണമെന്ന ചർച്ച പാർട്ടിയിൽ സജീവമായിട്ടുണ്ട്.
കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ , വളവുകോട്, ചപ്പാത്ത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ ചേർന്നതാണ് ഉപ്പുതറ ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
മുൻപ് ഡിവിഷൻ്റെ ഭാഗമായിരുന്ന ഏലപ്പാറ ഇപ്പോൾ വാഗമൺ ഡിവിഷനിലേക്കു ചേർത്തു. പകരമാണ് ചപ്പാത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടു തവണ പീരുമേട് നിയമസഭാ മണ്ഡലത്തിൽ സിറിയക്ക് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വാഴൂർ സോമൻ്റെ വിജയത്തെ ചോദ്യം ചെയ്തു സിറിയക്ക് നൽകിയ തിരഞ്ഞെടുപ്പ് കേസ് ഇപ്പോഴും സുപ്രിം കോടതിയിൽ തുടരുകയാണ്.
നിലവിൽ വാഗമൺ മലനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റാണ്.
സിറിയക്കാനെ കൂടാതെ ഉപ്പുതറ ഡിവിഷനു വേണ്ടി കോൺഗ്രസിലെ ഒരു പിടി നേതാക്കൾ രംഗത്തുണ്ട്.
ഡിസിസി വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പടവൻ, ഡിസിസി സെക്രട്ടറി അരുൺ പൊടിപാറ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് ദേവസ്യ, കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് കൂറുമ്പുറം എന്നിവരാണ് ചരടുവലികൾ സജീവമാക്കിയിരിക്കുന്നത്.
എന്നാൽ പാർട്ടി തീരുമാനിച്ചാൽ ജില്ലാ പഞ്ചായത്തിലേക്കു മൽസരിക്കാൻ സന്നദ്ധനാണെന്നും, പക്ഷേ നിയമസഭാ സീറ്റിൽ മൽസരിക്കാൻ പാർട്ടി അവസരം നൽകുമെന്ന് പ്രതീക്ഷക്കുന്നതായും സിറിയക്ക് തോമസുമായി അടുപ്പമുളള കേന്ദ്രങ്ങൾ ഇടുക്കി ലെൻസിനോട് പറഞ്ഞു.

