തൊടുപുഴ: ജില്ലയിൽ ഇതുവരെ ലഭിച്ചത് 30 നാമനിർദേശ പത്രികകൾ. വെള്ളിയാഴ്ച മുതലാണ് നാമനിർദേശ പത്രിക സ്വീകരിച്ച് തുടങ്ങിയത്. ഇന്നലെ മാത്രം 29 പത്രികകൾ ലഭിച്ചു.
അടിമാലി -1, കൊന്നത്തടി -1, ശാന്തൻപാറ -4, പാന്പാടുംപാറ -1, നെടുംങ്കണ്ടം – 4, രാജകുമാരി -8, ആലക്കോട്-4, കൊക്കയാർ -1, വണ്ടിപ്പെരിയാർ – 1, തൊടുപുഴ മുനിസിപ്പാലിറ്റി – 2, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് -1, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് -2 എന്നിങ്ങനെയാണ് ഇന്നലെവരെ ലഭിച്ച നാമനിർദേശ പത്രികകൾ.
മുന്നണികളിൽ സ്ഥാനാർഥിനിർണയത്തിലെ തർക്കവും പടലപ്പിണക്കവുമാണ് പത്രിക സമർപ്പണം നീളാൻ കാരണം. മൂന്നു മുന്നണികളിലും സ്ഥാനാർഥിനിർണയം ഇന്നലെവരെയും പൂർത്തിയാക്കാനായിട്ടില്ല. യുഡിഎഫിലെ സ്ഥാനാർഥി ചർച്ചകൾ എങ്ങുമെത്താതെ അനന്തമായി നീളുകയാണ്.
തൊടുപുഴയിൽ കോണ്ഗ്രസിലും മുസ്ലിംലീഗിലും സ്ഥാനാർഥിനിർണയത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പതിവുമുഖങ്ങളെ മാറ്റിനിർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്നും ഉയരുന്നുണ്ട്. ചില മുതിർന്ന നേതാക്കൾ പതിവായി സീറ്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എൻഡിഎയിലും ചില വാർഡുകളിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന്റെ സ്ഥാനാർഥികളെ നിശ്ചയിച്ച് അവർ പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. യുഡിഎഫിന്റെ ചില വാർഡുകളെച്ചൊല്ലിയുള്ള തർക്കമാണ് സ്ഥാനാർഥിനിർണയം വൈകിപ്പിക്കുന്നത്. യുഡിഎഫിൽ കേരള കോണ്ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ഊർജിതമാക്കി.
ഇതിനിടെ ജില്ലാ പഞ്ചായത്ത് സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന നേതൃത്വത്തിന് വഴങ്ങാൻ മുസ്ലിംലീഗ് തയാറാകുമെന്നാണ് സൂചന.
സംസ്ഥാന നേതൃത്വം പറയുന്നത് അനുസരിക്കാനാണ് ജില്ലയിലെ യുഡിഎഫ് തീരുമാനം. സീറ്റ് വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചു നിൽക്കുകയാണെങ്കിലും ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് ഇനി ചർച്ചയില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ ലീഗ് ആവശ്യപ്പെട്ട പ്രകാരമാണ് പ്രശ്നം സംസ്ഥാന നേതൃത്വത്തിന് വിട്ടതെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷൻ വിട്ടുനൽകണമെന്നായിരുന്നു ലീഗിന്റെ ആവശ്യം.
ഒത്തുതീർപ്പെന്ന നിലയിൽ ലീഗിന് അടിമാലി പഞ്ചായത്തിലും തൊടുപുഴ ബ്ലോക്കിലും ഓരോ സീറ്റ് കൂടുതൽ കിട്ടാനുള്ള സാധ്യതയാണുള്ളത്.
