മൂന്നാർ: തുടർച്ചയായി പെയത മഴയ്ക്ക് ശമനമുണ്ടായെങ്കിലും തണുപ്പ് വിട്ടു മാറാതെ മൂന്നാർ. കഴിഞ്ഞ ദിവസം കേരളത്തിലെ തന്നെ ഏറ്റവും താഴ്ന്ന തണുപ്പ് രേഖപ്പെടുത്തിയത് മൂന്നാറിലാണ്. മൂന്നാറിലെ കുണ്ടള എസ്റ്റേറ്റിൽ കുറഞ്ഞ താപനില 7.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലും 7.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസമായി തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസം മഴ മാറി നിന്നെങ്കിലും തണുപ്പ് മൂന്നാറിനെ വിട്ടൊഴിഞ്ഞില്ല. പകൽ കനത്ത ചൂടും രാത്രി കനത്ത തണുപ്പുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭപ്പെട്ടത്. നവംബർ പാതിയോടെ ശൈത്യകാലം ആരംഭിക്കും. ഈ ഒരു സാഹചര്യത്തിൽ ഇത്തവണ തണുപ്പ് ശക്തമായി അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി മഴ പെയ്തത് മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പൂജാ, ദീപാവലി അവധി പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും പതിവായി എത്തുന്ന സഞ്ചാരികളിൽ ഇത്തവണ ഏറെ കുറവുണ്ടായി.
സഞ്ചാരികളുടെ കുറവ് മൂന്നാറിലെ വ്യാപാര മേഖലയേയും തളർത്തിയിട്ടുണ്ട്. ശൈത്യകാലം നേരത്തേ എത്തിയാൽ അത് വിനോദസഞ്ചാരമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

