10 മുതൽ 12 വരെയാണ് പര്യടനം

ഇടുക്കി : ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ യുവതീ-യുവാക്കളെ പങ്കെടുപ്പിച്ച് നവംബര്‍ 10 മുതല്‍ 12 വരെ ത്രിദിന മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.

തൊടുപുഴയില്‍ നിന്ന് ആരംഭിച്ച് ചെറുതോണിയില്‍ റാലി അവസാനിക്കും. വിവിധയിടങ്ങളില്‍ എസ്.പി.സി വിദ്യാര്‍ഥികളും, സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ഥികളും പൊതു ജനങ്ങളും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. അവബോധ ക്ലാസുകളും ഫ്ളാഷ് മോബുകളും അവതരിപ്പിക്കും

നവംബര്‍ പത്തിന് രാവിലെ 9 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു റാലി ഫ്‌ളാഗ്ഓഫ് ചെയ്യും. തുടര്‍ന്ന് കാളിയാര്‍-വണ്ണപ്പുറം-കഞ്ഞിക്കുഴി-ചേലച്ചുവട്-അടിമാലി വഴി വൈകുന്നേരം മൂന്നാറില്‍ എത്തും.

നവംബര്‍ പതിനൊന്നിന് രാവിലെ എട്ടരയ്ക്ക് മൂന്നാറില്‍ നിന്ന് ആരംഭിക്കുന്ന റാലി പൂപ്പാറ-രാജാക്കാട്-ചെമ്മണ്ണാര്‍-ഉടുമ്പന്‍ചോല-നെടുങ്കണ്ടം-തൂക്കുപാലം-പുളിയന്‍മല-അണക്കര വഴി വൈകുന്നേരം കുമളിയില്‍ എത്തും.

നവംബര്‍ പന്ത്രണ്ടിന് രാവിലെ എട്ടരയ്ക്ക് കുമളിയില്‍ നിന്ന് ആരംഭിക്കുന്ന റാലി വണ്ടിപ്പെരിയാര്‍-പീരുമേട്-കുട്ടിക്കാനം-ഏലപ്പാറ-വാഗമണ്‍-ഉപ്പുതറ-കട്ടപ്പന- തങ്കമണി വഴി വൈകുന്നേരം ചെറുതോണിയില്‍ എത്തി സമാപിക്കും. ചെറുതോണി ജംഗ്ഷനില്‍ സമാപനസമ്മേളനം നടക്കും.

ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍ പെട്ടാല്‍ കേരളാ പോലീസിന്റെ ‘യോദ്ധാവ് ‘ വാട്സ്ആപ്പ് നമ്പരായ 9995966666-ലേക്ക് സന്ദേശം അയയ്ക്കണം. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങള്‍ ജില്ലാ നാര്‍കോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പറിലും അറിയിക്കാവുന്നതാണെന്ന് ഇടുക്കി ജില്ലാ പോലീസ് അറയിച്ചു. മയക്കുമരുന്ന് രഹിത നവസമൂഹത്തിനായി ഏവരുടേയും ശ്രദ്ധയും സഹകരണവും, ജാഗ്രതയും പോലീസ് അഭ്യര്‍ഥിച്ചു.