ഇടുക്കി :സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണരീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. മതിലുകളിൽ ചുവരെഴുത്തും പോസ്റ്ററുകളും പതിപ്പിച്ചിരുന്ന കാലം പിന്നിലാകുമ്പോൾ, ഇപ്പോൾ സമൂഹമാധ്യമങ്ങളാണ് പ്രചാരണത്തിന്റെ മുഖ്യ വേദിയായി മാറുന്നത്.
സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച നിമിഷം മുതൽ തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും പുതുമകൾ നിറഞ്ഞ പ്രചാരണ സാമഗ്രികളാൽ സജീവമാകുന്നു. മുമ്പ് കാണാതിരുന്ന രീതിയിലെ ഡിസൈനുകളും അവതരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഓരോ ദിവസവും പുതിയ വിവരണങ്ങളും കാഴ്ചകളും ചേർക്കപ്പെട്ട പോസ്റ്റുകളിലൂടെ വോട്ടർമാരുടെ മുന്നിലെത്തുക എന്നതാണ് സ്ഥാനാർത്ഥികളുടെ പുതിയ ശ്രമം.
വാർഡുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വികസനപദ്ധതികളുടെയും സ്ഥാനാർത്ഥിയുടെ സാമൂഹിക ഇടപെടലുകളുടെയും വിവരങ്ങൾ ചിത്രം-രചനകളുമായി ചേർത്ത് അവതരിപ്പിക്കുന്നതും ഇക്കാലത്തെ പ്രധാന ട്രെൻഡായി മാറിയിട്ടുണ്ട്. യുവതലമുറയെ ആകർഷിക്കാനായി ന്യൂജൻ സ്റ്റൈലിലുള്ള പോസ്റ്റുകൾക്ക് കൂടുതൽ പ്രാധാന്യം. കഴിഞ്ഞകാലങ്ങളിലെ സേവനപ്രവർത്തനങ്ങളുടെ ചിത്രങ്ങളും കുറിപ്പുകളും ചേർത്ത് വിശ്വാസം ഉറപ്പിക്കുന്ന ശ്രമങ്ങളും ശക്തമാണ്.
സിനിമയെ ഓർമ്മിപ്പിക്കുന്ന റീലുകളും പ്രചാരണ വോയ്‌സ് മെസേജുകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലുമായി സജീവമാണ്. നാട്ടിലെ പ്രമുഖ വ്യക്തികളോടൊപ്പം നിന്നുള്ള സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നു. ഫോട്ടോഗ്രഫിയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പുതുസാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ആകർഷകമായ പ്രചാരണ സാമഗ്രികൾ സൃഷ്ടിക്കുന്നതായും കാണാം.
മത്സരം കഠിനമാകുന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ സജീവ സാന്നിധ്യം തുടർന്നും കൂടുതൽ ശക്തമാകുമെന്നതാണ് വിലയിരുത്തൽ.
