വാച്ചർക്ക്
വൈരമുത്തുവിന് പരിക്കേറ്റു.
കുമളി: തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തിൽ വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. മേഘമല സ്വദേശിയായ വൈരമുത്തുവിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് ആണ് സംഭവം. സീനിയറോടയ്ക്ക് സമീപം കുട്ടാംകയത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കടുവ സെൻസസ് എടുക്കുന്നതിനായി വനത്തിനുള്ളിലേക്ക് പോയ ഉദ്യോഗസ്ഥസംഘത്തിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൈരമുത്തുവിന്റെ വയറിന് സാരമായി പരിക്കേറ്റു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഇദ്ദേഹത്തെ ബോട്ടിൽ തേക്കടി ലാൻഡിങ്ങിൽ എത്തിക്കുകയും തുടർന്ന് കുമളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെയ്തു. തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു.
