കുട്ടിക്കാനം : കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031 ലോകം കൊതിക്കും കേരളം’ എന്ന സെമിനാർ
25 ന് ( ശനി )കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടക്കും.രാവിലെ 10ന് ധനകാര്യ മന്ത്രി കെ .എൻ .ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് നയ രേഖ അവതരിപ്പിക്കും.സംസ്ഥാന ടൂറിസം വികസന സമിതിയുടെ സഹകരണത്തോടെയാണ് പരിപാടി.
ടൂറിസം മേഖലയിലെ പ്രമുഖർ, വിദേശ പ്രതിനിധികൾ, വ്യവസായ രംഗത്തെ പ്രമുഖർ, പ്രൊഫഷണലുകൾ, യുവ സംരംഭകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ഈ സെമിനാറിൽ ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ നടക്കും.
സമ്പൂർണ്ണ സുരക്ഷ, ശുചിത്വം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങൾ മുതൽ ഭാവിയിൽ ടൂറിസം മേഖലയുടെ സാമൂഹിക അടിത്തറയുടെ ആവശ്യകതയെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും. ടൂറിസം മേഖലയുടെ സുസ്ഥിരമായ വികസനത്തെയും പരോത്സാഹനത്തെയും സഹായിക്കുന്നതാണ് ഈ സെമിനാറുകൾ.
ടൂറിസം മേഖലയിലെ പ്രധാന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനൊപ്പം, ഉത്തരവാദിത്ത ടൂറിസം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം, അനുഭവ ടൂറിസം, പുനരുജ്ജീവന ടൂറിസം, ഡിസൈന്‍ പോളിസിയ്ക്ക് അപ്പുറം, ടൂറിസം വിദ്യാഭ്യാസവും നൈപുണ്യവികസനവും, ടൂറിസം കേന്ദ്രങ്ങളുടെ രൂപകല്‍പന-വെല്ലുവിളികളും അവസരങ്ങളും, പുതിയ ടൂറിസം സാങ്കേതികവിദ്യകള്‍, പൈതൃക-സാംസ്ക്കാരിക-ആത്മീയ ടൂറിസം, ബിസിനസ് നവീകരണവും നിക്ഷേപ സാധ്യതകളും സാഹസിക ടൂറിസം, മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുമാണ് സെമിനാറിലെ ചർച്ചാ വിഷയങ്ങളാണ്.
ഈ സെമിനാറുകളിലൂടെ ഉരുത്തിരിയുന്ന ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും വകുപ്പിന്റെ തുടർ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകാനാണ് ഉദ്ദേശിക്കുന്നത്.
