പീരുമേട് : അവധിക്കാലത്തും ആഴ്ച അവസാനങ്ങളിലും ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. അവധി ആഘോഷിക്കാനായി ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടത്ര സൗകര്യം ലഭ്യമാണോ എന്നത് ഇന്നും ചോദ്യചിഹ്നമാണ്. ടൂറിസം വികസനത്തിന്റെ പാതയിൽ ആണെങ്കിലും ഇവിടേക്ക് ഇനിയും എത്താനുണ്ട് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഒട്ടനേകം ആവശ്യങ്ങൾ.വിനോദ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളില്ലാത്തതാണ് ഹൈറേഞ്ചിലെ ടൂറിസം മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. ഇക്കോടൂറിസത്തിന്റെ അനന്തസാധ്യതകളുണ്ടിവിടെ. കാലാകാലങ്ങളില്‍ വികസനപദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യാറുണ്ടെങ്കിലും ജില്ലയിലെ പ്രധാന ടൂറിസം മേഖലകളായ പരുന്തൻ പാറ, വാഗമൺ , പാഞ്ചാലിമേട് തുടങ്ങിയ മേഖലകളിലെ വിനോദസഞ്ചാര സാധ്യതകള്‍ ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് വസ്തുത.
വാഗമൺ
സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണ് ഇവിടം.
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ പശ്ചിമഘട്ടമലനിരകളുടെ തുടർച്ചയായി മീനച്ചിൽ താലൂക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമൺ. വാഗമൺ പട്ടണം ഉൾപ്പെടെ വാഗമൺ മലനിരകളുടെ ഭൂരിഭാഗവും ഇടുക്കി ജില്ലയുടെ അതിർത്തിയിലാണ്. പൈൻമരങ്ങളും തേയിലത്തോട്ടങ്ങളും മലനിരകളുമായി കാഴ്ചകളുടെ വിരുന്നാണ് വാഗൺ ഒരുക്കുക.
കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളിലൂടെയുള്ള യാത്ര മികച്ച അനുഭവമായിരിക്കും. സിനിമാക്കാരുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് കൂടിയാണ് വാഗമൺ. ടൗണിന് സമീപത്ത് തന്നെയുള്ള ടീ ഗാർഡൻ ലെയ്ക്ക് എന്ന തടാകവും കാണേണ്ടത് തന്നെയാണ്. തടാകത്തിൽ ബോട്ടിങിനുള്ള സൗകര്യവുമുണ്ട്. പൈൻമരക്കാടുകളിലും മൊട്ടക്കുന്നുകളിലും അലഞ്ഞ് തിരിയുന്നതിന്റെ ഭംഗിയും ഒന്ന് വേറെ തന്നെയാണ്.മഞ്ഞുമൂടി കാഴ്ചകൾ മറയുകയും കാറ്റടിച്ച മലകൾ പ്രത്യക്ഷമാവുകയും ചെയ്യുന്ന കൊളുക്കുമലൈയിലെ നയനമനോഹര ദൃശ്യം ഇവിടെയും സഞ്ചാരികളെ ആകർഷിക്കുന്നു.
റോഡുകളുടെ അവസ്ഥ
ഏറ്റവും തിരക്കേറിയ മലയോര വിനോദസഞ്ചാരകേന്ദ്രമായ വാഗമണിലേക്ക് എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിപക്ഷവും ആശ്രയിക്കുന്നത് വാഗൺ – ഈരറ്റുേപേട്ട റോഡിനെയാണ്. നിർമ്മാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതും ഇത് തകർന്നു . മുൻപ്
കാലത്ത് വാഗമണിലേക്ക് വളരെക്കുറച്ച് സഞ്ചാരികളേ എത്തിയിരുന്നുള്ളൂ. റോഡ് നിർമാണം പൂർത്തിയാക്കിയതോടെ വാഗമണിലെ വിനോദസഞ്ചാരമേഖല പഴയ പ്രതാപത്തിലേക്കെത്തിയിരുന്നു.
ദിശാസൂചന ബോർഡുകൾ, സിഗ്നൽലൈറ്റ് എന്നിവയില്ല.
ഏലപ്പാറ ജംക്‌ഷനിൽ നിന്നു വാഗമൺ റോഡിലേക്കു തിരിയുന്നിടത്ത് അപകടങ്ങൾ പതിവാകുന്നു. മലയോര ഹൈവേയിൽ കട്ടപ്പന ഭാഗത്തു നിന്നും കുട്ടിക്കാനം ഭാഗത്തു നിന്നും ഒരേ പോലെ വാഹനങ്ങൾ എത്തി വാഗമൺ റോഡിലേക്കു കടക്കുന്നതാണ് അപകടഭീഷണിക്കു ഇടയാക്കുന്നത്. വലിയ വളവ് തിരിഞ്ഞു വാഹനങ്ങൾ പോകേണ്ട സാഹചര്യം ഡ്രൈവർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
ലോക ഭൂപടത്തിൽ ഇടംപിടിച്ച വാഗമണ്ണിൽ വിദേശ സഞ്ചാരികൾക്കായി അന്താരഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ എങ്ങുമെത്തിയിട്ടില്ല.
പരുന്തുംപാറ
പീരുമേടിനും തേക്കടിക്കും ഇടയിലുള്ള സ്ഥലമാണ് പരുന്തുംപാറ. വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ ശൈശവദശയിലാണ് പരുന്തുംപാറ ഗ്രാമം. സ്വസ്ഥമായ അന്തരീക്ഷവും പ്രകൃതി മനോഹരിയാലും സമ്പന്നമാണിവിടം. കുമരകത്തിനും തേക്കടിക്കും ഇടയിലെ വിശ്രമകേന്ദ്രം പോലെ പരുന്തുംപാറ മാറിയിട്ടുണ്ട്. ദൂരേ ശബരിമലയും ഇവിടെ നിന്ന് കാണാൻ കഴിയും. മഞ്ഞുമൂടി കാഴ്ചകൾ മറയുകയും കാറ്റടിച്ച മലകൾ പ്രത്യക്ഷമാവുകയും ചെയ്യുന്ന കൊളുക്കുമലൈയിലെ നയനമനോഹര ദൃശ്യം ഇവിടെയും സഞ്ചാരികളെ ആകർഷിക്കുന്നു
പീരുമേട് താലൂക്കിലുള്ള പ്രകൃതിരമണീയമായ ഈ സ്ഥലം കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയ പാതയിൽനിന്ന് നാലുകിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
നിയന്ത്രണമില്ല
ഒരു സർക്കാർ വകുപ്പിന്റെയും നിയന്ത്രണം ഇവിടെയില്ല. മകര ജ്യോതി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും പീരുമേട് പഞ്ചായത്താണ്. റവന്യൂ, വനം വകുപ്പുകളുടെതാണ് ഭൂമി. പഞ്ചായത്ത് എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ റവന്യൂവകുപ്പ് തടസ്സ വാദവുമായി എത്തുന്നതും പ്രതിസന്ധിയാണ്.
വിനോദസഞ്ചാര വികസനത്തിനായി സംസ്ഥാന സർക്കാർ പത്തുകോടി രൂപ അനുവദിച്ചിരുന്നു. റവന്യൂഭൂമി വിട്ടുകിട്ടുന്നതിനും മറ്റു തടസ്സങ്ങൾ നീക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി വനം, റവന്യൂ, പൊതുമരാമത്ത് മന്ത്രിമാരെ നേരിൽ കണ്ടിരുന്നു. തുടർ നടപടികൾ നടന്നുവരുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് പരുന്തുംപാറയിലും വർഷങ്ങൾക്ക് മുൻപ് പോലീസ് ഔട്ട് പോസ്റ്റ് കെട്ടിടം നിർമിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല
പ്രദേശത്ത് കുടിവെള്ളമോ ശുചിമുറി സംവിധാനമൊ ഇല്ല. പൊലീസ് പരിശോധന കാര്യമായി ഇല്ലാത്തതിനാല്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിപരുന്തുംപാറ. പരുന്തുംപാറയില്‍ ടൂറിസം പൊലീസ് സ്‌റ്റേഷനായി കെട്ടിടം പണിക്കഴിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പരുന്തുംപാറയില്‍ പ്രവേശന ഫീസ് ഈടാക്കി വേണ്ട അടിസഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ പഞ്ചായത്തിന് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം ടൂറിസം രംഗത്ത് ജില്ലയ്ക്ക് മുതല്‍ക്കൂട്ടായി മാറും.
യാതൊരു സുരക്ഷിതത്വവുമില്ല
വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നതെങ്കിലും പൊലീസ്, സെക്യൂരിറ്റി ഗാർഡുകളൊന്നും ഇവിടെയില്ല. എത്തുന്നവർ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അപകട മേഖലകളിലടക്കം കയറുന്നത്.എത്തുന്നവർ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അപകട മേഖലകളിലടക്കം കയറുന്നത്.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിനോദസഞ്ചാര കേന്ദ്രത്തിന്റെ സ്ഥലം റവന്യൂ-വനം വകുപ്പുകളുടേതാണ്. ഗ്രാമപഞ്ചായത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ റവന്യൂ വകുപ്പ് തടസ്സവാദവുമായി എത്തും.
അഗാധമായ കൊക്കയുള്ള പ്രദേശങ്ങളിൽ സാഹസിക പ്രവൃത്തികളുമായി എത്തുന്നവരും കൂടുകയാണ്. ഒരാഴ്ചയ്ക്ക് മുൻപ് കൊക്കയിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. 2009ലും ഒരാൾ കൊക്കയിൽ ചാടി മരിച്ചു. 2007ൽ കൊക്കയുടെ വക്കിൽനിന്ന് നൃത്തം ചെയ്യുന്നതിനിടെ യുവാവ് വീണു മരിച്ചു. 2021ന് വിനോദസഞ്ചാരിയായ യുവതിക്ക് കാൽ വഴുതി കൊക്കയിൽ വീണ് പരിക്കേറ്റിരുന്നു.
അഗ്നിരക്ഷാ സേനയാണ് ഇവരെ കൊക്കയിൽനിന്ന് രക്ഷപ്പെടുത്തിയത്. കൊക്കയുടെ മുകളിലെ പാറക്കെട്ടുകളിൽ ചിലർ കയറുന്നതും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
ചൂഷണങ്ങൾക്ക് ഇരയാവുന്നു
സർക്കാർ വകുപ്പുകളുടെ പരിശോധനകൾ ഇല്ലാത്തതിനാൽ ഇവിടുത്തെ പെട്ടിക്കടകളിൽ ഭക്ഷണത്തിനടക്കം അമിത വില ഈടാക്കുന്നതായും പരാതിയുണ്ട്. പ്രദേശത്തെ ചെറുകിട കച്ചവടക്കാർ പല വിലകളാണ് ഓരോരുത്തരിൽ നിന്നും ഈടാക്കുന്നത്.
പാഞ്ചാലിമേട് :
ഭൂമിയുടെ അറ്റം ഇതാണോ എന്ന് സംശയിച്ചുപോകുന്ന മനോഹര ഇടങ്ങളിലൊന്നാണ് പാഞ്ചാലിമേട്. വിദൂരപ്രദേശത്തുകാർക്ക് കാര്യമായ അറിവില്ലാത്ത ഒരിടമാണ് പാഞ്ചാലിമേട്. അജ്ഞാതവാസത്തിനു തൊട്ടുമുമ്പ് പഞ്ചപാണ്ഡവര്‍ പാഞ്ചാലിക്കൊപ്പം ഇവിടെ താമസിച്ചിരുന്നതായി ഐതിഹ്യ കഥകളിലൂടെ പറഞ്ഞുകേട്ട സ്ഥലമാണിത്. ഐതിഹ്യ കഥകളിലെ പാഞ്ചാലിയുടെ സൗന്ദര്യം കേട്ടുകേൾവിയാണെങ്കിൽ അതൊരു യാഥാർഥ്യമായ ഇടമാണെന്ന് പേരുകൊണ്ട് കാണിച്ചുതരുന്നു പാഞ്ചാലിമേട്. പാഞ്ചാലിക്കായി ഭീമസേനൻ കുഴിച്ചെന്നു കരുതുന്ന കുളവും കാണാം. ശബരിമല മണ്ഡലകാലത്ത് മകരവിളക്ക് ദർശിക്കാൻ അനേകം പേർ ഇവിടെ തമ്പടിക്കാറുണ്ട്.
വികസനാവശ്യങ്ങൾ: ടൂറിസം വികസനത്തിനായി കോടികൾ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും പാഞ്ചാലിമേട്ടിലെ ടൂറിസം സാധ്യതകൾ കേവലം പുൽമേടുകളിൽ ഒതുങ്ങി ഇരിക്കുകയാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രകൃതി ഭംഗി ആസ്വദിക്കുക എന്നതല്ലാതെ മറ്റൊരു വിനോദങ്ങളിലും ഏർപ്പെടാൻ ഉള്ള സൗകര്യം ഇതുവരെ ആയിട്ടില്ല. പാഞ്ചാലിമേട്ടിലേക്ക് പ്രവേശിക്കുമ്പോൾ പ്രവേശന ഫീസ് ഈടാക്കുമ്പോൾ അതിന് തക്കതായ സൗകര്യങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തുവാൻ സർക്കാർ തല ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യവും ശക്തമാണ്.
